Pages

Saturday 24 November 2012

ഒരു കൊച്ചു കുട്ടിയുടെ വീക്ഷണം

ഇന്നലെ  വൈകുന്നേരം കുവൈറ്റിലെ ഒരു റോഡിലൂടെ നടന്നു വരുമ്പോള്‍ കണ്ടൊരു കാഴ്ച. റോഡില്‍ നിറയെ വാഹങ്ങള്‍.റോഡ്‌ മുറിച്ചു കടക്കാന്‍ വേണ്ടി എട്ടു വയസ്സ് തോന്നിക്കുന്ന ഒരു പയ്യന്‍ കയ്യില്‍ അവന്‍ കഴിച്ച ലെയ്സിന്റെ കാലി  കവറും പെപ്സിയുടെ ഒഴിഞ്ഞ കേനുംപിടിച്ചു നില്‍ക്കുന്നു. എനിക്കും റോഡ്‌ മുറിച്ച് കടന്നു വേണം പോകാന്‍. ഞാന്‍ നടന്നു അവന്റെ അടുതെത്തി. കുശലങ്ങള്‍ ചോദിച്ചു. എന്തിനാ ഇവിടെ നില്‍ക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ അവന്‍  പറഞ്ഞു, അവന്‍ നില്‍ക്കുന്ന ഭാഗത്ത് വേസ്റ്റ് ബാസ്കെറ്റ് ഇല്ല. അവന്റെ കയ്യിലുള്ള വേസ്റ്റ് എതിര്‍ ഭാഗത്തുള്ള വേസ്റ്റ് ബാസ്കറ്റില്‍ കൊണ്ട് പോയി ഇടണമെന്ന്.എനിക്കൊരു ഐഡിയ തോന്നി, ഞാന്‍ അവനോടു ചോദിച്ചു, ഇത് കേരളത്തില്‍ ആയിരുന്നെങ്കില്‍ മോന്‍ എന്ത് ചെയ്യുമായിരുന്നു?അപ്പോള്‍അവന്‍ പറയുകയാണ് "ആന്റി കേരളത്തില്‍ റോഡില്‍ തന്നെയല്ലേ വേസ്റ്റ് ഇടുന്നത്. അവിടെ എവിടയാ വേസ്റ്റ് ബാസ്കെറ്റ് ഉള്ളത്". അവന്‍ വീണ്ടും നിര്‍ത്താതെ സംസാരിക്കാന്‍ തുടങ്ങി. അവനൊരു കൊച്ചു കുറുമ്പനാണെന്ന് എനിക്ക് തോന്നി !! അവന്‍ പറഞ്ഞു തുടങ്ങി. ഒരിക്കല്‍ വെക്കേഷനില്‍ നാട്ടില്‍ പോയപ്പോള്‍ അവനും കൂട്ടുകാരനും അടുത്തുള്ള കടയില്‍ പോയി കേക്ക് വാങ്ങി വരുമ്പോള്‍ ആരോ വലിച്ചെറിഞ്ഞ പഴത്തൊലിയില്‍ ചവിട്ടി അവന്റെ കൂട്ടുകാരന്‍ വീണു തല പൊട്ടി  stitch ഇടേണ്ടി വന്നെന്ന്. പിന്നെയും അവന്‍ പറഞ്ഞു തുടങ്ങി. നാട്ടില്‍ അവന്റെ അടുത്ത വീട്ടിലെ ആന്റി,അവരുടെ വീട്ടിലെ front place ലെ (അവന്‍ ഉദ്ദേശിച്ചത് മുറ്റമാണ്)  leaf pick ചെയ്ത് (അവന്‍ പറയുന്നത് മുറ്റം അടിച്ചു വാരല്‍ ആണെന്ന് എനിക്ക് മനസ്സിലായി)  front ലെ  road അല്ല ആളുകള്‍ നടക്കുന്ന long way (ഇടവഴിയാണ് അവന്‍ ഉദ്ദേശിക്കുന്ന സ്ഥലം) അങ്ങോട്ട്‌ കളയും. അത് ചീത്ത  habit അല്ലെ ആന്റി? ആ കുട്ടിയുടെ ചോദ്യം കേട്ട് സത്യത്തില്‍ ഞാന്‍ അമ്പരന്നു പോയി. കുട്ടികള്‍ക്ക് വഴികാട്ടിയാവേണ്ട നമ്മള്‍ ഇങ്ങനെ ചെയ്‌താല്‍ വരും തലമുറയും ഈ രീതി തന്നെ പിന്തുടരില്ലേ? ഇവിടെ ആരാണ് മാറേണ്ടത്? നമ്മുടെ കൊച്ചു കേരളം (gods own country എന്ന് വിശേഷിപ്പിക്കുന്ന) വരും തലമുറ വെറുപ്പോടെ നോക്കിക്കാണുന്ന പ്രദേശമായി മാറുമോ?    


Thursday 22 November 2012

പൈതല്‍..


എന്‍ കുഞ്ഞു പൈതലേ കരയാതെ 
അമ്മതന്‍ ചാരത്ത് നിന്നാലും 
നിനക്കായി ഞാന്‍ നല്‍കിടാം  
പച്ചപ്പിന്‍ നിറമുള്ള 
കുഞ്ഞിലകള്‍.

Wednesday 21 November 2012

സ്വപ്നം

ഉമ്മറ കോണിലിരിക്കുന്ന ഊന്നുവടി എന്നെ നോക്കി ഒന്നു ചിരിച്ചു.അത് പരിഹാസത്തിന്റെ ഒരു കള്ളചിരിയല്ലേ.? എന്‍റെ ഉള്ളൊന്നു പിടഞ്ഞു..ദൈവമേ..ഈ വടിയും ഊന്നി കൂനിക്കൂനിയുള്ള   എന്‍റെ നടപ്പ് ഓര്‍ക്കാന്‍ വയ്യ..പിന്നില്‍ നിന്നും വിണ്ടും ഒരു ചിരി ഞാന്‍ തിരിഞ്ഞൊന്നു നോക്കി പൂമുഖത്തുള്ള ചാരുകസേരയും എന്നെ കളിയാക്കുന്നോ?..ആകെ ഭ്രാന്ത് പിടിക്കുന്നു..എപ്പോഴോ കയറി വരുന്ന മരണമെന്ന വിക്രതിക്കുട്ടനെ  കാ ത്തിരിക്കാന്‍ സമയമില്ലാതെ വിഷക്കുപ്പി   ഞാന്‍ കയ്യിലെടുത്തു.....കണ്ണില്‍ ഒരു വിലാപയാത്ര കണ്ടു ഞാന്‍..കാതിലൊരു ദീനരോദവും കേട്ടു ഞാന്‍..ചിറക് വിരിച്ച് ഞാന്‍ പറന്നുയര്‍ന്നു പോവുന്നു..എങ്ങും കട്ടപിടിച്ച ഇരുട്ട് മാത്രം കൂരിരുട്ടില്‍ ദിക്കറിയാതെ വഴിയറിയാതെ തപ്പി തടയുന്നു ഞാന്‍...കാലുകള്‍ കുഴയുന്നു,തൊണ്ട വരളുന്നു..അറിയാതെ എന്‍റെ കൈകള്‍ ചലിച്ചു..എന്തോ താഴെ വീണ ശബ്ദം കേട്ട് ഞാന്‍ ഞെട്ടിയുണര്‍ന്നു..കട്ടിലിന്‍ അരികെ വെച്ച വെള്ള പാത്രം ഇതാ.......കിടക്കുന്നു!!... .അപ്പോ.....ഞാന്‍ മരിച്ചില്ലേ....കണ്ടത് സ്വപ്നമായിരുന്നോ!!..

Tuesday 20 November 2012

ഒറ്റക്ക്


ഒരു ദിവസം ആരും കാണാതെ 
ഒറ്റക്കിരുന്ന് നീ കരയും. 
അന്ന് നിന്‍റെ കണ്ണുനീര്‍ തുടക്കാന്‍ 
ഞാന്‍ കൂടെ ഉണ്ടാവില്ല.

എനിക്ക് നിന്നോട് മിണ്ടാനും 
ആശ്വസിപ്പിക്കാനും ഒരു പാട്..
മോഹം തോന്നും.
പക്ഷേ.....

എന്‍റെ കാലുകള്‍ ചലിക്കില്ല. 
നാവുകള്‍ ഉരിയാടില്ല
ഞാന്‍ നിന്നില്‍ നിന്നും വളരെ വളരെ ...
അകലെയാണ്..!!!

പിന്നെ നിന്‍റെ മനസ്സില്‍ ഒരോര്‍മ്മ..
മാത്രമായി തീരുന്നു ഞാന്‍.
നമ്മള്‍ പങ്കിട്ട സ്വപ്നങ്ങള്‍..
മാത്രം ബാക്കി വെച്ച്.
          
         ..
       
.


Tuesday 13 November 2012

പ്രവാസ ജീവിതം ഒരു നേര്‍കാഴ്ച.


കാലത്ത് മുതല്‍  പണിയിലായിരുന്നു അവള്‍ .എല്ലാം കഴിഞ്ഞ്‌ മക്കളെ സ്കൂളിലും വിട്ട് അവള്‍ ഉമ്മറക്കോലായിലെ ചാരുകസേരയില്‍ വന്നിരുന്നു,ഏറെ വര്‍ഷമായി ഭര്‍ത്താവ് ഗള്‍ഫില്‍ ജോലി ചെയ്യുന്നു,എന്നിട്ടും ജീവിതം ഇതുവരെ ഒരു കരക്കടുപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലഅറിയാതെ അവളില്‍ നിന്നും ഒരു ദീർഘനിശ്വാസം പുറത്ത് വന്നു.പേപ്പര്‍ കയ്യിലെടുത്ത് വായന തുടങ്ങി അറിയാതെ എപ്പോഴോ മയങ്ങി പോയി.പുറത്തെ ബഹളം കേട്ടവള്‍ ഞെട്ടിയുണര്‍ന്നു.അടുത്ത വീട്ടില്‍ നിന്നാണ് ബഹളം.. അവിടെ ജപ്തി നടപടികള്‍ ആരംഭിക്കാന്‍ പോവുന്ന ബഹളമാണ്.അറുപത് വയസ്സിലടുത്ത ദമ്പതികളാണ് അവിടെ താമസിക്കുന്നത്,ആകെയുള്ള ഒരു മകന്‍ കുടുംബവുമായി ഗള്‍ഫിലാണ്,മകനെ പഠിപ്പിക്കാനും മറ്റു ആവശ്യങ്ങള്‍ക്കുമുള്ള കാശിനു വേണ്ടിയാണ് ബാങ്കില്‍ ആധാരം വെച്ച് പണം വാങ്ങിയത് ,കുടുംബവുമായി ഗള്‍ഫില്‍ കഴിയുന്ന മകന് ഒരെറ്റ തവണപോലും കാശടക്കാന്‍ കഴിഞ്ഞിട്ടില്ല എന്തോ ചെറിയ ജോലിയും തുച്ഛമായ വരുമാനവുമാണ് അവനുള്ളത്, അതില്‍ നിന്ന് വേണം ഭാര്യയും രണ്ട് മക്കളുമുള്ള കുടുംബത്തിന്‍റെ കാര്യങ്ങള്‍ നോക്കാന്‍.!!..ഇത് ഇവരുടെ കഥ.......
അടുത്ത വീട്ടിലെ താമസക്കാരന്‍ കുടുംബവുമായി ഗള്‍ഫില്‍ താമസിക്കുമ്പോള്‍ അവരുടെ പൊങ്ങച്ചവും മറ്റും കണ്ട് തുച്ഛമായ വരുമാനമുള്ള സാധാരണക്കാരനും കുടുംബത്തെ കൊണ്ട് പോവുന്നു. അവരുടെ താമസം തന്നെ വേറെ കുടുംബവുമായി പങ്കിട്ടാവും, ,മക്കള്‍ തമ്മിലുള്ള അടിപിടിയും, സമയം തെറ്റിയുള്ള ഡ്യൂട്ടി സമയവും, ദിനം പ്രതി കൂടി വരുന്ന ഗള്‍ഫിലെ സ്കൂള്‍ ചിലവും.എല്ലാം കൂടി മനസ്സമാധാനം പോയ ജീവിതം. എല്ലാ പിരിമുറക്കവും കൂടി ശരീരവും മനസ്സും ഏറ്റെടുക്കുമ്പോള്‍ അവരും പണിമുടക്ക് ആരംഭിക്കും.പ്രഷര്‍,ഷുഗര്‍,എന്നിങ്ങനെ പല രൂപത്തിലും അവരും പ്രതികരിക്കാന്‍ തുടങ്ങും.

നമ്മുടെ നാട്ടില്‍ ഗ്രാമങ്ങളില്‍ പോലും ഒരു പതിവ് കഴ്ച്ചയായിരിക്കുകയാണ് വിവാഹം കഴിഞ്ഞ് ഏറെ താമസമില്ലാതെ ഭാര്യയെ ഗള്‍ഫിലേക്ക് കൊണ്ടു പോവും പിന്നെ അവിടെയായി അവരുടെ ലോകം.തനിക്ക് അതിനുള്ള വരുമാനമുണ്ടോ എന്നുപോലും ചിന്തിക്കാറില്ല പലരും,ജീവിതത്തിന് ഒരു സ്വസ്ഥതയുമില്ലാതെ അവിടുന്നും ഇവിടുന്നും കടം വാങ്ങി ജീവിതം നരക തുല്യമായി ഹോമിക്കപ്പെടുന്നവര്‍!പക്ഷെ ഒരു കാര്യമുണ്ട് അതുകൊണ്ട് ഗള്‍ഫില്ലുള്ള കച്ചവടക്കാര്‍ പച്ച പിടിച്ചു അതിനുദാഹരണമാണേല്ലോ...ലുലു പോലുള്ള ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ നൂറാമത്തെ ഷോറൂമുകള്‍ തുറക്കുന്നത്.ഇവിടെ ജീവിതമുണ്ടോ?മനസ്സമാധാനമുണ്ടോ? പഴയ തലമുറ ഫാമിലി കൂടെയില്ലാതത്തിന്റെ വിഷമത്തില്‍ ആയിരുന്നു എന്നാല്‍ പുതിയ തലമുറ ഫാമിലി കൂടെയുള്ള വിഷമത്തിലും..


Monday 12 November 2012

പ്രാര്‍ത്ഥന

അര്‍ത്ഥം അറിഞ്ഞും ഹൃദയം അറിഞ്ഞും പ്രാര്‍ത്ഥിക്കുക.അര്‍ത്ഥം അറിയുമ്പോള്‍ മാത്രമെ ഭക്തിബഹിര്‍ഗമിക്കുന്ന  പ്രാര്‍ത്ഥന ഉണ്ടാകുകയുള്ളൂ..പ്രാര്‍ത്ഥന നിഷ്കളങ്ക ഹൃദയത്തോടെ ആകുക കൃത്രിമ ഭക്തി അപകടമാണ്.ഭക്തി ഹൃദയാന്തര്‍ഭാഗത്ത് നിന്ന് ഉറവയായുണ്ടാകണം.....




Saturday 10 November 2012

സുഖം

സുഖം 
മഴത്തുള്ളികള്‍  ഉറ്റി ഉറ്റി വീഴും താളം... 
മനസ്സിനൊരു സുഖം. 
പക്ഷി തന്‍ കിളിനാദം കേള്‍ക്കാന്‍.... 
കാതിനൊരു സുഖം. 
കുളക്കടവില്‍  നോക്കിയിരിക്കെ .. 
തുള്ളി കളിക്കും ചെറുമീനുകള്‍ 
കാണാന്‍ കണ്ണിനൊരു സുഖം. 
വിട പറയും പകലിനെ നോക്കിയിരിക്കെ... 
ഇളം കാറ്റിന്‍ മൂളി പാട്ടു 
കേള്‍ക്കാന്‍ കാതിനൊരു സുഖം.
സ്നേഹത്തിന്‍ വാക്കുകള്‍ കേള്‍ക്കാന്‍...
കാതിനൊരു സുഖം.

സ്വര്‍ണ്ണം

സ്വര്‍ണ്ണം വീണ്ടും പൊള്ളുന്നു,പാവപ്പെട്ട രക്ഷിതാക്കളുടെ ഇട നെഞ്ചു തകരുന്നു.സ്ത്രീയാണ് ധനം എന്നെല്ലാം പറയാന്‍ കൊള്ളാം... വിവാഹ കമ്പോളത്തില്‍ സ്ത്രീ ഇന്നും വില പേശുന്ന വസ്തു തന്നെ......


Photo: സ്വര്‍ണ്ണം വീണ്ടും പൊള്ളുന്നു,പാവപ്പെട്ട രക്ഷിതാക്കളുടെ ഇട നെഞ്ചു തകരുന്നു.സ്ത്രീയാണ് ധനം എന്നെല്ലാം പറയാന്‍ കൊള്ളാം... വിവാഹ കമ്പോളത്തില്‍ സ്ത്രീ ഇന്നും വില പേശുന്ന വസ്തു തന്നെ......

മനസ്സ്

മനസ്സൊരു കടലുപോലെ ചിലപ്പോള്‍ ശാന്തം. ചിലപ്പോള്‍ അലറി അടിക്കും തിരമാലകള്‍ പോലെ. കരയിലെ ചപ്പു ചവറുമായി തിരമാലകള്‍ തിരിച്ചു പോവും പോലെ മനുഷ്യ മനസ്സിലും നിറയെ ചപ്പും ചവറും തന്നെ. കൊല ,പിടിച്ചുപറി,മറ്റു പലതും ഈ മനസ്സില്‍ നിന്നല്ലേ 
ഉണ്ടാവുന്നത് ...അനുസരണയില്ലാത്ത വികൃതിക്കുട്ടനെ പോലെ നടക്കുന്ന മനസ്സിനെ ഒരു അനുസരണയുള്ള കുട്ടിയെ പോലെ മാറ്റിയെടുക്കാന്‍ പറ്റും.അതിനു ആദ്യം വേണ്ടത്‌ ക്ഷമയാണ്.."ക്ഷമ ---ആയുധം,

കരുണ,സ്നേഹം ----പവിത്രം"..എല്ലാം ക്ഷമിക്കാന്‍ പഠിക്കുക,മറ്റുള്ളവരോട് കരുണ കാണിക്കുക,മുതിര്‍ന്നവരെ ബഹുമാനിക്കുക, ഇളയവരെ സ്നേഹിക്കുക.നമ്മുക്ക് വേണ്ടി ജിവിക്കുന്നതൊടപ്പം മറ്റുള്ളവര്‍ക്കും കൂടി വേണ്ടി ജീവിക്കുക.ജാതി,മതം നോക്കാതെ മനുഷ്യനെ സ്നേഹിക്കുക..ഇവിടെയാ ശാന്തി,സമാധാനം...വിശുദ്ധ ഖുറാനില്‍ പോലും സംബോധന ചെയ്തിട്ടുള്ളത് ....ഓ.. ജനങ്ങളേ എന്നാണ്..

നീതി കിട്ടാത്തവര്‍

രണ്ടു ദിവസംമുന്‍പ് ഞാനൊരു ടി.വി ഷോ കണ്ടു. തടവറയില്‍ കഴിയുന്ന കുറെ പെണ്‍ മനസ്സുകളുടെകരളലിയിപ്പിക്കുന്ന കഥകള്‍.തെറ്റുചെയ്തവരും,ചെയ്യാത്തവരും,ചതിയില്‍ കുടുങ്ങിയവരും..അങ്ങിനെ പോവുന്നു കഥകള്‍..ഭുരിപക്ഷവും അവര്‍ ചെയ്ത തെറ്റ് എന്തെന്ന് അറിയാത്തവര്‍!.എല്ലാം സമൂഹത്തിന്‍റെ താഴെ ത്തട്ടില്‍ ജീവിക്കുന്നവര്‍. സ്വന്തമായി കയറി കിടക്കാന്‍ ഒരു കൂരയോ,ഒരു നേരത്തെ ഭക്ഷണത്തിനോ വകയില്ലാത്തവര്‍,സമൂഹത്തിന്‍റെ താ
ഴെ ത്തട്ടില്‍ ഉള്ളവര്‍ മാത്രമാണോ കുറ്റം ചെയ്യുന്നത്? മറ്റുള്ളവര്‍ ഒന്നും കുറ്റം ചെയ്യുന്നില്ലേ? അതോ നമ്മുടെ നീതി പീo ത്തിന്‍റെ കുഴപ്പമോ? "പണ്ടാരോ പറഞ്ഞപോലെ കയ്യുക്ക്കുള്ളവന്‍ കാര്യക്കാരന്‍"..പണവും സ്വാധിനവും ഉണ്ടെങ്കില്‍ നമ്മുടെ നാട്ടില്‍ എന്തും നടക്കും.പാവപ്പെട്ടവന് ഒരിക്കലും നീതി കിട്ടില്ല എന്നതിന് തെളിവാന്നു ഇതെല്ലാം...ഇനിയെങ്കിലും നമ്മുടെ സമൂഹം ഉണ്നര്‍ന്നു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍.....

















മദ്യം

മനുഷ്യ ജീവിതത്തെ നാശത്തിന്റെ പടുകുഴിലേക്ക് തള്ളിവിടുന്ന മദ്യമെന്ന വിഷം നമ്മുക്ക് വേണോ?? മദ്യത്തെ അനുകൂലിക്കുന്നവരും, എതില്‍ക്കുന്നവരുമുണ്ടാവാം അത് എന്തുമാവട്ടെ..മദ്യമെന്ന വിഷം സിരകളില്‍ ലഹരിയുടെ നൃത്തമാടിയപ്പോള്‍ ഓടിച്ചിരുന്ന വണ്ടിയുടെ നിയന്ത്രണം കൈവിട്ടുപോയപ്പോള്‍ ഇടിച്ചുതെറിപ്പിച്ചത് മറ്റൊരു ജീവന്‍റെ ജീവിതമാന്നെന്നു അവന്‍ ഓര്‍ത്തില്ല, തന്‍റെ ജീവിതത്തിലെ പത്ത് വര്‍ഷത്തെ വസന്തകാലം നഷ്ടപ്പെട്ട ഒരു പെണ്‍കുട്ടിയുടെ കഥ....നീണ്ട രണ്ടു വര്‍ഷം അബോധാവസ്ഥയില്‍ ..പിന്നിട് ബോധം തിരിച്ചു കിട്ടിയപ്പോള്‍ നൊന്തു പ്രസവിച്ച മക്കളെയും മിന്നുകെട്ടിയ പുരുഷനെയും അവള്‍ മറന്നു പോയി.നീണ്ട എട്ടു വര്‍ഷം ജീവിതത്തിന്റെ കൈപ്പുനീര്‍ കുറെ കുടിക്കേണ്ടി വന്നു അവള്‍ക്ക്.ദൈവത്തിന്‍റെ വികൃതിയോ? മറ്റുള്ളവരുടെ പ്രാര്‍ഥനയോ എന്നറിയില്ല പഴയ ഓര്‍മ്മകള്‍ അവള്‍ക്ക് തിരിച്ചു കിട്ടി.സ്നേഹത്തിന്‍റെ നീരുറവ വറ്റിയിട്ടില്ല മനുഷ്യ മനസ്സുകളില്‍ എന്നതിനു തെളിവാണ് അവളുടെ ഭര്‍ത്താവും കുടുംബവും.അവര്‍ .പഴയത് പോലെ അവളെ സ്വീകരിച്ചു.തന്‍റെ നഷ്ട സ്വപ്നങ്ങളെ ഓര്‍ത്ത് നീറുന്ന മനസ്സുമായി ഇന്നവള്‍ ജീവിക്കുന്നു.ഇത് ഒരു പെണ്‍കുട്ടിയുടെ കഥ മാത്രം....ഇനിയും എത്രയോ കഥകള്‍ ഇങ്ങനെയുണ്ട്.നമ്മള്‍ അറിയുന്നതും അറിയാത്തതുമായ....സുഹൃത്തുകളെ മദ്യമെന്ന വിഷവിത്ത് ഇനിയും നമുക്ക് വേണോ??...

മൊബൈല്‍ വിന


ഇതൊരു പുതിയ വാര്‍ത്തയല്ല.ദിവസവും നമ്മുടെ നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ തന്നെ..കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു വാര്‍ത്ത കേട്ടു. പ്ലസ്‌ ടു പഠിക്കുന്ന ഒരു പെണ്‍കുട്ടി മൊബൈലിലൂടെ പരിചയപ്പെട്ട പയ്യനെ തേടി തനിക്കായ് മാതാപിതാക്കള്‍ വാങ്ങിവെ
ച്ച സ്വര്‍ണ്ണവും ഡ്രെസ്സും എടുത്ത് സ്ഥലം വിട്ടെന്ന്.ഇതാ കിടക്കുന്നു പുലിവാല്‍...അവള്‍ തിരിച്ചു വന്നു കൂടെ അമ്പത് വയസ്സുള്ള ഒരു യുവാവുമായി (യുവാവ് എന്ന് പറയാന്‍ പറ്റുമോ എന്നറിയില്ല അറുപത് വയസ്സ് പിന്നിട്ടാലെ ഇപ്പോള്‍ കിഴവനാവു..ഇത് പുതിയ തലമുറ)..ഏത് മതപ്രകാരമായാലും അവള്‍ക്ക് അയാളെ വിവാഹം കഴിക്കേണ്ടി വന്നു. ഒരു ഫോണ്‍ വിളി വരുത്തി വെച്ച വിന നോക്കണേ....നമ്മുടെ പെണ്‍കുട്ടികള്‍ക്ക് എന്ത് പറ്റി?.ഇനിയും ചതി മനസ്സിലാവുന്നില്ലേ?? മൊബൈലും ചാറ്റി ങ്ങുമെല്ലാം ചതിയുടെ വാരി കുഴികള്‍ ആണെന്ന് ഇവര്‍ മനസ്സിലാക്കിയാല്‍ നന്നായിരുന്നു........

Photo: ഇതൊരു പുതിയ വാര്‍ത്തയല്ല.ദിവസവും നമ്മുടെ നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ തന്നെ..കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു വാര്‍ത്ത കേട്ടു. പ്ലസ്‌ ടു പഠിക്കുന്ന ഒരു പെണ്‍കുട്ടി മൊബൈലിലൂടെ   പരിചയപ്പെട്ട പയ്യനെ തേടി തനിക്കായ് മാതാപിതാക്കള്‍ വാങ്ങിവെച്ച സ്വര്‍ണ്ണവും ഡ്രെസ്സും എടുത്ത് സ്ഥലം വിട്ടെന്ന്.ഇതാ കിടക്കുന്നു പുലിവാല്‍...അവള്‍ തിരിച്ചു വന്നു കൂടെ അമ്പത് വയസ്സുള്ള ഒരു യുവാവുമായി (യുവാവ് എന്ന് പറയാന്‍ പറ്റുമോ എന്നറിയില്ല അറുപത് വയസ്സ് പിന്നിട്ടാലെ ഇപ്പോള്‍ കിഴവനാവു..ഇത് പുതിയ തലമുറ)..ഏത് മതപ്രകാരമായാലും അവള്‍ക്ക് അയാളെ വിവാഹം കഴിക്കേണ്ടി വന്നു. ഒരു ഫോണ്‍ വിളി വരുത്തി വെച്ച വിന നോക്കണേ....നമ്മുടെ പെണ്‍കുട്ടികള്‍ക്ക് എന്ത് പറ്റി?.ഇനിയും ചതി മനസ്സിലാവുന്നില്ലേ?? മൊബൈലും   ചാറ്റി ങ്ങുമെല്ലാം ചതിയുടെ വാരി കുഴികള്‍ ആണെന്ന് ഇവര്‍ മനസ്സിലാക്കിയാല്‍ നന്നായിരുന്നു........

.വെറും ഒരു യാത്രക്കാരന്‍ മാത്രം........

Photo: ഉഷ്ണമുള്ള ഒരു ദിവസം യാത്രചെയ്ത്‌ പകലില്‍ അല്‍പ സമയം ഒരു മരച്ചുവട്ടില്‍ തണലേറ്റ്‌ പിന്നെ അത് ഉപേക്ഷിച്ചു പോകുന്ന യാത്രകകാരനെപ്പോലെ മാത്രമാണ്‌ ഈ ലോകം നമ്മുക്ക്....ഇവിടുന്ന് ഒന്നും നമ്മുക്ക്  കൊണ്ടുപോവാന്‍ കഴിയില്ല....വെറും ഒരു യാത്രക്കാരന്‍ മാത്രം........

ഉഷ്ണമുള്ള ഒരു ദിവസം യാത്രചെയ്ത്‌ പകലില്‍ അല്‍പ സമയം ഒരു മരച്ചുവട്ടില്‍ തണലേറ്റ്‌ പിന്നെ അത് ഉപേക്ഷിച്ചു പോകുന്ന യാത്രകകാരനെപ്പോലെ മാത്രമാണ്‌ ഈ ലോകം നമ്മുക്ക്....ഇവിടുന്ന് ഒന്നും നമ്മുക്ക് കൊണ്ടുപോവാന്‍ കഴിയില്ല....വെറും ഒരു യാത്രക്കാരന്‍ മാത്രം........

നമ്മുടെ തേങ്ങ



നാളികേരത്തിന്റെ നാട്ടി.... ...............................
കേരളത്തിന്റെ മാത്രം സ്വന്തമായ തേങ്ങയുടെ ഗതി നോക്കണേ!!!...കുറച്ചു കാലം മുന്‍പ് വരെ തേങ്ങ വിറ്റു കിട്ടുന്ന കാശ് കൊണ്ട് ജീവിതചിലവുകളും മക്കളെ വരെ വിവാഹം കഴിച്ചു വിടുമായിരുന്നു.പുരയിടത്
തില്‍ തിങ്ങി കുലച്ചു നില്‍ക്കുന്ന തെങ്ങുകളും,പറമ്പില്‍ കൂട്ടിയിട്ടിരിക്കുന്ന തേങ്ങകളും മനസ്സിന് സന്തോഷം തരുന്ന കാഴ്ചയായിരുന്നു.ഇന്ന് കാലം മാറി,കഥയും മാറി.കുലച്ചു നില്‍ക്കുന്ന തെങ്ങ് കാണുമ്പോള്‍ മനസ്സില്‍ വിങ്ങലാണ്.. ആരിത് താഴെ എത്തിക്കും?കൂട്ടി കിടക്കുന്ന തേങ്ങ കാണുമ്പോള്‍ എങ്ങിനെ ഇത് ഒഴിവാക്കും എന്ന ആലോചനയിലും.. "പണ്ട് പുര നിറഞ്ഞു നില്‍ക്കുന്ന പെണ്ണിനെ കാണുമ്പോഴ.സങ്കടം.....ഇന്ന് പുരയിടത്തില്‍ കെട്ടികിടക്കുന്ന തേങ്ങ കാണുമ്പോഴ സങ്കടം......

പ്രണയം



കാത്തിരിപ്പു നിന്നെ ഞാന്‍ 
ഉമ്മരകോലായിലെ ചാരുകസേരയില്‍ 
പുതു മഴയ്ക്ക് പൊങ്ങിയ 
പുതു നാമ്പുപോലെ 
എന്‍റെ മനസ്സില്‍ തോന്നിയ 
സ്നേഹത്തെ ആരും കാണാതെ
കുറിഞ്ഞു മലയിലെ പച്ച പുതപ്പു
വിരിച്ച താഴ്വരയില്‍
ഒരു നനുത്ത സ്പര്‍ശം പോലെ
അതു പ്രണയമാക്കി നീ ....
എനിക്കായ് നീ നല്‍കിയ
പ്രണയ പുസ്തകത്തിലെ താളുകള്‍
മിഴിയൊന്നും ചിമ്മാതെ
മറ്റാര്‍ക്കും നല്‍കാതെ
ഹൃദയത്തില്‍ ചേര്‍ത്തു വെച്ചു ഞാന്‍
ഓര്‍ക്കാതിരിക്കാനാകിലെനിക്കിനി
നിന്‍ പ്രണയത്തിന്‍ മധുര നൊമ്പരം

തെരുവിന്റെ സന്തതി

തെരുവിന്റെ സന്തതി

ഇവന്‍ തെരുവിന്‍റെ സന്തതി 
ഒരു ചാണ്‍ വയറിനു വേണ്ടി
തെരുവുനായ്ക്കളോട് കടിപിടി കൂടുന്ന ബാല്യം.. 
അമ്മതന്‍ ഗര്‍ഭപാത്രത്തില്‍ 
ആരോ നട്ട ബീജത്തിന്‍ 
ബാക്കി പാത്രം....
ഇവനു സ്വപ്നങ്ങളില്ല മോഹങ്ങളില്ല
അമ്മതന്‍ താരാട്ടുപാട്ടില്ല കൊഞ്ചലില്ല
തന്‍റെ സ്വപ്നങ്ങളുടെ ഭണ്ഡാരം ഇവിടെ ഇറക്കി വെച്ച്
അഗാധമായ ആഴിതന്‍ മടിത്തട്ടില്‍
അഭയം പ്രാപിചൊരമ്മ
ഇന്നിവനു ഓര്‍മ്മ മാത്രം...
സ്നേഹം അന്യമായി പോയ
ലോകത്തിന്‍റെ വിളറിയ മുഖത്തേക്ക്
നോക്കി പകച്ചുനില്‍ക്കുന്ന ബാല്യം...
ഇരുട്ടിന്‍ മറ പിടിച്ചു
ചലിക്കുന്ന നിഴലുകള്‍ക്ക്
കാവല്‍ പട്ടിയായി മാറിയ ബാല്യം....
കൂരിരിട്ടിലും വെട്ടിതിളങ്ങുന്ന വടിവാളുമായി
ഉറഞ്ഞു തുള്ളുന്ന കോമരം പോല്‍
അട്ടഹസിക്കുന്ന മനുഷ്യര്‍...
തുണ്ടം തുണ്ടമാക്കിയ മാംസകഷ്ണങ്ങള്‍
കണ്ടു മടുത്ത ബാല്യം....
പാതികത്തിയെരിഞ്ഞ സിഗരറ്റു കുറ്റികളും
ബാക്കി വന്ന കുപ്പികളിലെ സിരകളില്‍ ലഹരി
പകര്‍ത്തുന്ന പാനിയവും
ഇന്നിവന്റെ കളിക്കോപ്പുകള്‍
കാമത്താലും ആര്‍ത്തിയാലും
ചുറ്റിവരിഞ്ഞ നാഗംപോല്‍ ഈ
ബാല്യവും നാശത്തിലേക്ക്...

പ്രവാസിയുടെ നാട്

പ്രവാസിയുടെ നാട്  

ഇതൊരു നാട് 
ഭുമിയുടെ ഗര്‍ഭപാത്രത്തില്‍ 
എണ്ണയാല്‍ സമ്പന്നമായ നാട് 
അഹങ്കാരത്തിനും അഹന്തതക്കും
കൊടി പിടിച്ച നാട് 
ചോര നീരാക്കി പണിയെടുക്കുന്ന
പ്രവാസിയുടെ കാശ് ഊറ്റി
കുടിക്കുന്ന നാട്
നിയമത്തിന്‍റെ നൂലാമാലയില്‍
മനുഷ്യ ജന്മങ്ങളെ
വട്ടം കറക്കുന്ന നാട്
നിദ്രയെ തുടച്ചു മാറ്റാന്‍
രക്ത ദാഹികളായ മുട്ടകള്‍
കൊടി കുത്തി വാഴുന്ന നാട്
വേദനിക്കുന്ന മനസ്സുകളിലേക്ക്
ചുടു ചൂട് കോരിയിടുന്ന
കത്തുന്ന വെയിലുള്ള നാട്
പൊടിയാലും പൊടി കാറ്റാലും
കീര്‍ത്തി നേടിയ നാട് ......
ഇതാണ് പ്രവാസിയുടെ നാട്

ശബ്ദം

ശബ്ദം
എന്റെ ശബ്ദത്തിനായ് കാതോര്‍ത്തിരിക്കുന്ന 
നിന്നോടു എന്തു ഞാന്‍ ചൊല്ലേണ്ടു 
പറമ്പിലെ തുമ്പിയോട്‌ കിന്നാരം ചൊല്ലി 
തത്തമ്മ പെണ്ണിനോട് കൊഞ്ചി കൊഞ്ചി 

ഈണത്തില്‍ പാട്ടുപാടി 

കഴിഞ്ഞ കാലം എനിക്ക്
ഓര്‍മ്മ മാത്രമായെന്നോ
എന്നിലെ ശബ്ദത്തെ തട്ടിതെറിപ്പിച്ച
വിധിയെ ഓര്‍ത്ത് കരഞ്ഞന്നോ

എന്ടാന്നു നിന്നോടു ഞാന്‍ ചൊല്ലേണ്ടു
എനിക്ക് പാടാന്‍ കഴിയുമായിരുന്നേല്‍
നിന്‍റെ നാമത്തില്‍ ഞാന്‍ പാടുമായിരുന്നു
എനിക്ക് മിണ്ടാന്‍ കഴിയുമായിരുന്നേല്‍
നിന്‍റെ കാതുകളില്‍ ഞാന്‍ കിന്നാരം
ചൊല്ലുമായിരുന്നു ...

സ്നേഹം


സ്നേഹം
സ്നേഹിക്കാന്‍ പ്രായമുണ്ടോ
മോഹിക്കാന്‍ കാലമുണ്ടോ 
അമ്മിഞ്ഞ പാലിന് കണക്കുണ്ടോ 
അമ്മതന്‍ സ്നേഹത്തിനു അളവുണ്ടോ 

ബന്ധങ്ങള്‍ക്ക് അര്‍ത്ഥമുണ്ടോ
സ്നേഹത്തിനല്ലോ അര്‍ത്ഥം
ബന്ധങ്ങള്‍ ബന്ധനമാണോ
സ്നേഹമല്ലോ ബന്ധനം

സോദരനാവാന്‍ ഒരു വയറിന്‍ ബന്ധം വേണ്ടാ
സ്നേഹമല്ലോ സാഹോദര്യം
മെയ്യോടു മെയ്‌ ചേര്‍ന്ന് ഇരുന്നാലും
സ്നേഹമില്ല മനസ്സ് ശുന്യമല്ലേ

കരയുന്ന കണ്ണിന്‍ കണ്ണിരോപ്പാന്‍
സ്നേഹം നിറയും നോട്ടം മതി
കാലങ്ങള്‍ കൊഴിഞ്ഞു പോയാലും
മനസ്സിലെ സ്നേഹം മറക്കുവാന്‍ പറ്റുമോ.

കണ്ണന്‍

കണ്ണന്‍
ഗോപികമാരുടെ തോഴനായ
ഗോപാലകനെ ശ്രീകൃഷ്ണ 
ഓം കാര നാദം മീട്ടിയെന്‍ 
ഹൃദയകവാടം തുറന്നിടുമോ

ആലിലയില്‍ കിടത്തിടാം
പാല്‍ വെണ്ണയുമേകാം
ഗോപികമാരെ കാവലൊരുക്കി
ഈണത്തില്‍ പാടിയുറക്കീടാം

വൃന്ധാ വനത്തിലെ രാധയാവാം
തിരുമുടിക്കുടുന്നയില്‍ മയില്‍പ്പീലി ചൂടിടാം
കണ്ണാ...നീ വന്നീടുമോ
ഓംകാര നാദം മീട്ടിടുമോ

ആഗ്രഹം


ആഗ്രഹം
ജീവിച്ചു കൊതി തീര്‍ന്നില്ല 
സ്നേഹിച്ചതെല്ലാം പിരിയുമ്പോള്‍ 
കാരുണ്യവാനാം നാഥാ തരുമോ 
കാലമതല്പം ഭൂമിയില്‍

പേറ്റുനോവിന്‍ കണക്കു തീര്‍ന്നില്ല
കൊഞ്ചും പൈതലിന്‍
സ്വരമൊന്നും കേട്ടില്ല
പുലരി കണ്ടു മടുത്തില്ല

നട്ടവ ഒന്നും മുളച്ചില്ല
പാതിമെയ്യാം തോഴിക്കായ്
കിളിക്കൂടൊന്നും കെട്ടീല്ല

എന്റെ അമ്മ


എന്റെ അമ്മ 
അമ്മിഞ്ഞ പാലിന്റെ കൂടെ 
സ്നേഹത്തിന്റെ മാധുര്യവും 
പകര്‍ന്നു തന്ന 
എന്റെ അമ്മ.
നെന്ജോട് ചേര്‍ത്ത് 
മാറിലെ ചൂട് ഏറ്റി
താരാട്ട് പാടി ഉറക്കിയ
എന്റെ അമ്മ.
കൈ പിടിച്ച് പിച്ച വെപ്പിച്ച്
ജീവിതത്തിലേക്ക് നടക്കാന്‍
പഠിപ്പിച്ച എന്റെ അമ്മ
സഞ്ചിയില്‍ പുസ്തകവും
ചോറ്റു പാത്രവും കുടയും
വെച്ച് കൈ പിടിച്ച്
പടി കടത്തി വിടുന്ന
എന്റെ അമ്മ.
കാലമാകുന്ന ചക്രം
എന്നിലെ സ്വപ്നങ്ങളെ
തട്ടി ഉണര്‍ത്തിയപ്പോള്‍
കാലിടറാതെ എന്നെ
മുന്നോട്ട് നയിച്ച സ്നേഹ സ്പര്‍ശം
എന്റെ അമ്മ.
ജീവിതമാവുന്ന ചുമട് നേരായ
മാര്‍ഗ്ഗത്തില്‍ ലക്ഷ്യതിലെത്തിച്ച
എന്റെ അമ്മ.
ഒരു നാള്‍ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ
ചുവന്നു തുടുത്ത മുഖത്തോടെ
വിതുമ്പുന്ന ചുണ്ടുകളോടെ
എന്നെ യാത്രയാക്കിയ
എന്റെ അമ്മ.
അന്നെന്റെ അധരങ്ങള്‍
അറിയാതെ മന്ത്രിച്ചു പോയി
നീ എത്ര ഭാഗ്യവതി!
അമ്മേ നീയാണ് വിശ്വം
നീയാണ് സര്‍വ്വം

മഴ


മഴ 
സ്വപ്നത്തിലെന്നപോലെ 
ആകാശ വിരിമാറിലൂടെ 
ഞാന്‍ ഒഴുകി നടന്നു 
പ്രകാശ മുത്തുകള്‍
വിതറിയ താരകങ്ങള്‍
പരിഹാസത്തോടെ
എന്നെ നോക്കി ചിരിച്ചു
ചന്ദ്രമാമന്റെ തണുത്ത
സ്പര്‍ശം എന്നെ ഇക്കിളിപെടുത്തി
ഇത്തിരി ദൂരം നീങ്ങി ഞാന്‍
എനിക്കെന്റെ രൂപം നഷ്ടപ്പെടുന്നോ...
എന്റെ മൃദുമേനിയുടെ
നിറം മങ്ങുന്നോ...
ഭീകര ശബ്ദത്തോടെ എന്നെ
ആരോ അടിക്കുന്നു
കണ്ണഞ്ചിപ്പിക്കുന്ന പ്രകാശകിരണങ്ങള്‍
എന്‍ മേനിയിലൂടെ കടന്നുപോകുന്നു
ഒന്നുമറിയാത്ത പൈതലെ പോലെ
ഞാന്‍ വാവിട്ടു കരഞ്ഞു
എന്റെ കണ്ണുനീര്‍ തുള്ളികള്‍
താഴേക്ക് ഉറ്റി ഉറ്റി വീണു
ആ കണ്ണുനീര്‍ തുള്ളികള്‍ നുണഞ്ഞു
ഭൂമിയെന്ന പുതപ്പു മാറ്റി
പുതുനാമ്പുകള്‍ തലപൊക്കി
പക്ഷികള്‍ ചിറക് വിടര്‍ത്തി
നൃത്തമാടി
എങ്ങും കള കള ശബ്ദങ്ങള്‍
ഭൂമിയെ വാരി പുണര്‍ന്നു
എന്റെ കണ്ണുനീര്‍ തുള്ളികള്‍
ഒഴുകി ഒഴുകി നടന്നു....

വിരഹം

വിരഹം
പൂമ്പാറ്റയെ പോലെ പാറിനടന്ന 
നിന്നിലെ വിടര്‍ന്ന കണ്ണിലെ 
കണ്ണുനീരിന്റെ നനവ്വ് 
ഞാന്‍ കാണാതെ പോയി 
ചിരിക്കുന്ന മുഖത്തിലും 
കരയുന്ന മനസ്സിന്റെ വേദന
ഞാന്‍ കാണാതെ പോയി
പൊട്ടി ചിതറിയ
കുപ്പിവള തുണ്ടിലെ
ചോര പാടുകള്‍
ഞാന്‍ കാണാതെ പോയി
നിന്റെ മനസ്സില്‍ എനിക്കായ്
പണിത സ്നേഹ ഗോപുരം
ഞാന്‍ കാണാതെ പോയി.

നൊമ്പരം


തുറന്നിട്ട ജാലക പാളികകളിലൂടെ  
വിദൂരത്തിലെക്ക് കണ്ണുനട്ട് 
അവള്‍ നോക്കി നിന്നു
നഷ്ട സ്നേഹത്തിന്‍റെ
കണ്ണുനീര്‍ മുത്തുകള്‍ 
അവളുടെ കവിളിലുടെ
ഒലിച്ചിറങ്ങി .
അതില്‍ ഉപ്പിന്‍റെരസവും
വേദനയുടെ കയിപ്പു രസവും
അവളറിഞ്ഞില്ല
ഗ്രേതുക്കള്‍ മാറിയതോ
രാത്രിപകലായതോ
അവളഞ്ഞില്ല
ഒറ്റപെടലിന്റെ വേദനയോ
പരിഹാസത്തിന്റെ കുത്തുവാക്കുകളോ
അവളറിഞ്ഞില്ല
കാലം അവളുടെ മുടിയിഴകളില്‍
വെള്ളിന്നൂല്‍ കോര്‍ത്തു
കവിളില്‍ വരകള്‍ വീഴ്ത്തി
എന്തോ ഒന്നോര്ത്തപോലെ
ജാലകപാളികള്‍ അവള്‍ ചേര്‍ത്തടച്ചു
അവളുടെ മനസ്സിലപ്പോള്‍
പൊട്ടിചിരിയുടെ കുടുകുടാ ശബ്ദമോ?
കരിച്ചിലിന്റെ ഗദ്ഗദാ ശബ്ദമോ?

മോഹം


നീയൊരു വണ്ടായിരുന്നെങ്കില്‍
ഞാനൊരു പൂവായിരുന്നേനെ
നീയൊരു കാറ്റായിരുന്നെങ്കില്‍ 
ഞാനൊരു മരമായിരുന്നേനെ
നീയൊരു കടലായിരുന്നെങ്കില്‍ 
ഞാനൊരു കരയായിരുന്നേനെ
അത്രമേല്‍ മോഹിച്ചുപോയി
നിന്നിലലിയാന്‍ ..